കോട്ടയം: വിസ്തൃതിയിലും ജനസംഖ്യയിലും വോട്ടര്‍മാരുടെ എണ്ണത്തിലും മുന്നിലുള്ള പഞ്ചായത്തുകള്‍ വിഭജിക്കാനുള്ള ആലോചനകള്‍ ഫയലില്‍ കുരുങ്ങി. മുപ്പതിനായിരത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള എട്ട് പഞ്ചായത്തുകള്‍ ജില്ലയിലുണ്ട്. ഗ്രാമങ്ങളില്‍ വേണ്ട വിധം വികസനം നടപ്പാകാതെ പോകാന്‍ പ്രധാന കാരണവും അതിവിസ്തൃതിതന്നെ.
ഏഞ്ചല്‍വാലി മുതല്‍ പഴയിടം വരെ 60 കിമീ നീളമുള്ള എരുമേലി പഞ്ചായത്തില്‍ വോട്ടര്‍മാര്‍ 35,846. എരുമേലി, വെച്ചൂച്ചിറ പഞ്ചായത്തുകള്‍ വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമായി പഞ്ചായത്ത് രൂപീകരിക്കാനുള്ള പദ്ധതിക്ക് പതിനഞ്ച് വര്‍ഷത്തെ പഴക്കമുണ്ട്. വോട്ടര്‍മാരുടെ എണ്ണത്തില്‍ ഒന്നാമത് കാഞ്ഞിരപ്പള്ളി പഞ്ചായത്താണ്-36,881.
പനച്ചിക്കാട്-35,846, ചിറക്കടവ്-32,568, തൃക്കൊടിത്താനം-31,925, അതിരമ്പുഴ-31,022, വാഴപ്പള്ളി-30,651, മുണ്ടക്കയം-30,500. പതിനഞ്ച് ചതുരശ്ര കിമീ വിസ്തൃതമാണ് ഇതില്‍ പല പഞ്ചായത്തുകളും.
മുണ്ടക്കയം വിഭജിച്ച് കോരുത്തോട് പഞ്ചായത്ത് രൂപീകരിച്ചതിനുശേഷവും മുണ്ടക്കയത്ത് വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവില്ല. ഇതില്‍ പല പഞ്ചായത്തുകള്‍ക്കും വരുമാനം കുറവും ചെലവ് ഭീമവുമാണ്. മണ്ഡലകാലത്ത് ഒരു കോടിയിലേറെ തീര്‍ഥാടകരാണ് എരുമേലിയിലെത്തുക.
ശുചീകരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ചെലവ് ഭീമമാണ്. അതിനാല്‍ ടൗണ്‍ വിട്ടുള്ള വാര്‍ഡുകള്‍ പദ്ധതി വിഹിതം നന്നേ കുറവാണ്. വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുംതോറും ബൂത്തുകള്‍ക്കും വര്‍ധനവുണ്ടാകണം. തദ്ദേശ ഇലക്ഷനില്‍ നഗരസഭയില്‍ ഒഴികെ മൂന്നു വോട്ടുകളാണ് ചെയ്യേണ്ടത്. കോട്ടയം നഗരസഭയില്‍ ഒരു ലക്ഷത്തിലേറെ വോട്ടര്‍മാരാണുള്ളത്.
വെളിയന്നൂര്‍, മേലുകാവ്, തീക്കോയി, മൂന്നിലവ് പഞ്ചായത്തുകളില്‍ വോട്ടര്‍മാര്‍ പതിനായിരത്തില്‍ താഴെയാണ്.